Showing posts with label മുഹമ്മദും ന്യായപ്രമാണവും. Show all posts
Showing posts with label മുഹമ്മദും ന്യായപ്രമാണവും. Show all posts

Thursday, 1 December 2011

മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3)


 മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3)

                       അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 


2) അടിമ വീടായ മിസ്രയീം ദേശത്തു നിന്ന് നിന്നെ കൊണ്ട് വന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. (പുറപ്പാട്.20:2,3)

  ദൈവം മോശെ മുഖാന്തിരം കൊടുത്ത ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണിത്. ബൈബിളില്‍ 7000-ഓളം പ്രാവശ്യം കാണുന്ന നാമമാണ് യഹോവ എന്നത്. ബൈബിളില്‍ വെളിപ്പെടുത്തപ്പട്ടിരിക്കുന്ന ദൈവത്തിന്‍റെ നാമം യഹോവ എന്നാകുന്നു. യഹോവ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം 'ഞാന്‍ ആകുന്നു' എന്നാണ്. പുറപ്പാട് 3:13,14-ല്‍ "മോശെ തനിക്കു പ്രത്യക്ഷനായ ദൈവത്തോട്: ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്ന്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍: അവന്‍റെ നാമം എന്തെന്ന് അവര്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചു. അതിനു ദൈവം മോശെയോടു: 'ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. ഞാന്‍ ആകുന്നു എന്നവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍ മക്കളോട് പറയണം എന്ന് കല്പിച്ചു' എന്ന് നാം വായിക്കുന്നു. അവിടെ  ദൈവം പറഞ്ഞ 'ഞാന്‍ ആകുന്നു' എന്ന വാക്കിന്‍റെ എബ്രായ രൂപമായ 'യെഹ്യത്' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് യഹോവ എന്ന നാമം.

   തലമുറതലമുറയായി നില്‍ക്കുന്ന നാമം ആണത്, മാറ്റമില്ലാത്ത നാമം. അതിശയമുള്ള നാമം. യെശയ്യാവ്.42:8-ല്‍ 'ഞാന്‍ യഹോവ; അതുതന്നെ എന്‍റെ നാമം' എന്ന് വായിക്കുന്നു. 'പര്‍വതങ്ങളെ നിര്‍മ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോടു അവന്‍റെ നിരൂപണം ഇന്നതെന്നു അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നട കൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്‍റെ നാമം' എന്ന് ആമോസ്.4:13-ല്‍ വായിക്കുന്നു. അതെ, അത് സര്‍വ്വശക്തിയുള്ള നാമമാണ്. ആ നാമം വലിയതാണ് (സങ്കീ.76:1); വിടുവിക്കുന്ന നാമം (സങ്കീ.79:9); നീതിപാതകളില്‍ നടത്തുന്ന തിരുനാമം (സങ്കീ.23:3)' മഹത്തും ഭയങ്കരവുമായ നാമം (ആവര്‍ത്തനം.28:58)! ആ നാമം വെറുതെ എടുക്കരുത് (പുറപ്പാട്.20:7); തിരുനാമത്തെ ദുഷിക്കുന്നവര്‍ മരണശിക്ഷ അനുഭവിക്കണം (ലേവ്യ.24:16); പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് യഹോവയുടെ നാമത്തിലാണ്. (ആവ.18;19); അന്യദൈവങ്ങളുടെ നാമത്തില്‍ പ്രവചിക്കുന്നവനെ കൊന്നു കളയണം (ആവ.18:20).

   ബൈബിളില്‍ 'ദൈവം' എന്ന പദവിനാമത്തില്‍ മാത്രമല്ല, 'യഹോവ' എന്ന വ്യക്തിനാമത്തിലും സര്‍വ്വശക്തനായ സ്രഷ്ടാവ് മനുഷ്യര്‍ക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

   മക്കയിലെ കഅബാ ദേവാലയത്തില്‍ 360 വിഗ്രഹങ്ങളുടെ നായകസ്ഥാനം വഹിച്ചു കൊണ്ടിരുന്ന ഖുറൈഷി ഗോത്ര കുലദൈവത്തിന്‍റെ പേരാണ്  'അല്ലാഹു'. ഇതൊരു വ്യക്തി നാമമാണ്. 'ഇലാഹ്' എന്ന പദമാണ് അറബിയില്‍ 'ദൈവം' എന്ന പദവി നാമത്തിനു ഉപയോഗിക്കുന്നത്. 'ലാ ഇലാഹാ ഇല്ലള്ളാ' എന്ന് പറഞ്ഞാല്‍ 'അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ്(ദൈവം) ഇല്ല' എന്നാണു അര്‍ഥം. 'ഞാന്‍ ഇലാഹിന്‍റെ നാമത്തില്‍ ആണ് സംസാരിക്കുന്നത്' എന്ന് മുഹമ്മദ്‌ പറഞ്ഞിരുന്നെങ്കില്‍ ആ അവകാശവാദം ഒന്ന് പരിശോധിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, മുഹമ്മദ്‌ സംസാരിച്ചത് അറേബ്യന്‍ ഗോത്രദൈവത്തിന്‍റെ പേരിലാണ്. അല്ലാഹു എന്ന ഈ ജാതീയ അറബി ഗോത്രദൈവത്തിന്‍റെ പേര് ബൈബിളില്‍ ഒറ്റയൊരു പ്രാവശ്യം പോലും കാണുന്നില്ല എന്നത് ചിന്തനീയമാണ്.

  അല്ലാഹുവിന്‍റെ പേരിലുള്ള ഇന്നത്തെ ആഘോഷങ്ങളെല്ലാം ഇസ്ലാം രൂപം കൊള്ളുന്നതിനും മുന്‍പേ നിലനിന്നിരുന്ന ജാതീയ ആഘോഷങ്ങളായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ കഅബയിലേക്കുള്ള തീര്‍ത്ഥാടനം, റംസാന്‍ മാസത്തിലെ ഉപവാസം, കഅബയെ ഏഴു തവണ വലം വെക്കല്‍, ഹജ്റുള്‍ അസുവദ്, എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നത്, തല മുണ്ഡനം ചെയ്യുന്നത്, മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്, സഫ-മര്‍വ മലകള്‍ക്കിടയില്‍ ഓടുന്നത്, ആത്മരൂപിയായ പിശാചിനെ കല്ലെറിയുന്നത്‌ (ശരീരമില്ലാത്ത പിശാചിനെ കല്ലെറിയുന്നത് ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്നു), വെള്ളം മൂക്കില്‍ വലിക്കുന്നതും പുറത്തു വിടുന്നതും, നിസ്കാരം, സക്കാത്ത്, വെള്ളിയാഴ്ച പ്രാര്‍ത്ഥന തുടങ്ങിയ എല്ലാ കാര്യങ്ങളും മുഹമ്മദ്‌ ജനിക്കുന്നതിനു മുന്‍പേ നിലനിന്നിരുന്നതാണ്. ഈ ചരിത്ര വസ്തുതയെ നിഷേധിക്കാന്‍ ഇന്ന് വരെ ഒരു മുസ്ലിം പണ്ഡിതനും തുനിഞ്ഞിട്ടില്ല!!

  'യഹോവയായ ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്'  എന്ന ഒന്നാം കല്പന തന്നെ മുഹമ്മദ്‌ ലംഘിച്ചതായി നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് മനസ്സിലാകും. മുഹമ്മദിന്‍റെ ദൈവം ഒരിക്കലും സത്യദൈവമായ യഹോവയായിരുന്നില്ല, മറിച്ചു അറേബ്യന്‍ മരുഭൂമിയിലെ  മക്കാ പ്രദേശത്തുള്ള കഅബ ദേവാലയത്തിനകത്ത് സ്ഥിതി ചെയ്തിരുന്ന 360 ദേവന്മാരിലൊരാളും മുഹമ്മദ്‌ ജനിച്ച ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവവുമായിരുന്ന അള്ളാഹു എന്ന അറബി ദേവനായിരുന്നു. യഹോവ എന്ന നാമം ഒരിടത്ത് പോലും ഖുറാനില്‍ കാണപ്പെടുന്നില്ല. മുഹമ്മദ്‌ ആ നാമം കേട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. (അള്ളാഹു എന്നത് എബ്രായ  ഭാഷയില്‍ ദൈവം എന്നതിനുപയോഗിക്കുന്ന എലോഹിം  എന്ന പദത്തിന്‍റെ അറബി രൂപമാണ് എന്ന് ചിലര്‍ പറയാറുണ്ട്.  കാശിനു വിലയില്ലാത്ത അഭിപ്രായമാണിത്. അവര്‍ പറയുന്നത് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ഈ അഭിപ്രായത്തില്‍ കഴമ്പില്ലെന്ന് കാണാം. കാരണം പഴയ നിയമത്തില്‍ ദൈവം എന്ന പദവി നാമത്തില്‍ മാത്രമല്ലാതെ യഹോവ എന്ന വ്യക്തി നാമത്തിലും സര്‍വ്വ ശക്തനായ സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഖുറാനിലെ അള്ളാഹു ഒരിടത്ത് പോലും തന്നെ യഹോവ എന്ന് പരിചയപ്പെടുത്തുന്നില്ല. മുഹമ്മദും യഹോവ എന്ന സത്യദൈവത്തിന്‍റെ നാമം ഉപയോഗിച്ചതായി ഖുറാനിലോ  ഹദിസുകളിലോ ഇല്ല.) സത്യദൈവത്തിന്‍റെ പ്രവാചകന്‍ എന്ന് അവകാശപ്പെട്ടു വന്നയാള്‍ക്ക് ആ സത്യദൈവത്തിന്‍റെ പേരറിയില്ലെങ്കില്‍, അത് ആരാല്‍ അയക്കപ്പെട്ട പ്രവാചകന്‍ എന്ന് നമുക്ക് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ (ആവ. 13:1-16; 18:20-22; 1. യോഹ. 4:1-3).

   പഴയ നിയമകാലത്ത് വന്നിട്ടുള്ള പ്രവാചകന്‍മാരെല്ലാവരും യഹോവയുടെ നാമത്തിലാണ് സംസാരിച്ചിട്ടുള്ളത്.യഹോവയുടെ നാമത്തില്‍ സംസാരിക്കാത്ത പ്രവാചകനെ  കള്ളപ്രവാചകനെന്നു  മുദ്രകുത്തി  കല്ലെറിഞ്ഞു  കൊല്ലണം  എന്നുള്ളത്  ന്യായപ്രമാണത്തിലെ  കല്പനകളിലൊന്നാണ്.

  പുതിയനിയമത്തില്‍ ഉള്ള അവസാനത്തെ ന്യായപ്രമാണകാല പ്രവാചകനായ യോഹന്നാന്‍ സ്നാപകന്‍ വന്നത്
 'യഹോവക്ക് വഴി ഒരുക്കുവാന്‍' ആണ് (യെശയ്യ. 40:3,4 ഒ.നോ മാര്‍ക്കോ.1:2-4) യോഹന്നാന്‍ വന്നു വഴി ഒരുക്കിയത് യേശു ക്രിസ്തുവിനാണ്. കാരണം, യേശു ക്രിസ്തു പഴയ നിയമത്തില്‍ വെളിപ്പെട്ട യഹോവയായ ദൈവമാണ്. ഏതൊരു കാലത്തിലും മനുഷ്യരുടെ മുന്‍പാകെ വെളിപ്പെട്ടിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. 'ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. തന്‍റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു' (യോഹ.1:18) എന്ന വാക്യം അതിനു തെളിവാണ്. പഴയ നിയമത്തിലായാലും   പുതിയ നിയമത്തിലായാലും 'ആരും ഒരു നാളും കണ്ടിട്ടില്ലാത്ത ദൈവത്തെ' മനുഷ്യവര്‍ഗ്ഗത്തിന് വെളിപ്പെടുത്തിയിട്ടുള്ളത് തന്‍റെ ഏകജാതനായ പുത്രനായ യേശു ക്രിസ്തു മാത്രമാണ്.  യേശുക്രിസ്തു എന്ന നാമത്തിന്‍റെ അര്‍ത്ഥവും പഠിക്കേണ്ടതുണ്ട്. രണ്ടു  എബ്രായ പദങ്ങളും ഒരു ഗ്രീക്ക് പദവും ചേര്‍ന്നതാണാ നാമം. 'യഹോവ', 'ശൂവാ' എന്നീ എബ്രായ പദങ്ങള്‍ ചേര്‍ന്നുണ്ടായ 'യെഹോശൂവ' എന്ന പേരിന്‍റെ ചുരുക്ക രൂപമാണ് 'യോശുവ' എന്നത്. യോശുവ വീണ്ടും ചുരുങ്ങിയതാണ് 'യേശു'. 'ശൂവ' എന്ന എബ്രായ പദത്തിന് 'രക്ഷ' എന്നര്‍ത്ഥം. ('മേല്ക്കി-ശുവാ' എന്ന  പദത്തിന്‍റെ അര്‍ത്ഥം 'രാജാവ് രക്ഷകന്‍' എന്നാണു.) 'യെഹോശൂവ' എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം 'യഹോവ രക്ഷകന്‍' എന്നാണു. 'ക്രിസ്തോസ്' എന്ന ഗ്രീക്ക് പദത്തിന്‍റെ മലയാള രൂപമാണ് 'ക്രിസ്തു' എന്നത്. ഈ പദത്തിന് 'അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണു അര്‍ത്ഥം. 'യെഹോശുവാ ക്രിസ്തു' അഥവാ 'യേശുക്രിസ്തു' എന്നതിന് 'രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ട യഹോവ' എന്നര്‍ത്ഥം! അതുകൊണ്ടാണ് കര്‍ത്താവിന്‍റെ ദൂതന്‍ മറിയയുടെ ഭര്‍ത്താവായ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കേണം' (മത്താ.1:22) എന്ന് കല്പിച്ചതു.

  ഈ സത്യം മനസ്സിലായത്‌ കൊണ്ടാണ് പൗലോസും പത്രോസും യാക്കോബും യോഹന്നാനുമടക്കമുള്ളവര്‍ യേശുവിന്‍റെ നാമത്തില്‍ സംസാരിച്ചത്. തന്‍റെ നാമത്തില്‍ സംസാരിക്കാന്‍ യേശു ക്രിസ്തു ആവശ്യപ്പെട്ടതിന്‍റെ (യോഹ.14:13,14) പുറകിലെ കാരണവും ഇത് തന്നെ! മുഹമ്മദ്‌ സംസാരിച്ചത് യഹോവയുടെ നാമത്തിലോ യേശു ക്രിസ്തുവിന്‍റെ നാമത്തിലോ അല്ലാതെ, അന്യദൈവത്തിന്‍റെ നാമത്തിലാകയാല്‍, പ്രവാചകന്‍ എന്ന നിലയിലല്ല, കല്ലെറിഞ്ഞു കൊല്ലപ്പെടുവാന്‍ മാത്രം യോഗ്യതയുള്ള കള്ളപ്രവാചകന്‍ എന്ന നിലയിലേ ക്രിസ്ത്യാനികളായ ഞങ്ങള്‍ക്ക് അദ്ദേഹത്തെ പരിഗണിക്കുവാന്‍ നിര്‍വ്വാഹമുള്ളൂ... (തുടരും...)

Thursday, 24 November 2011

മുഹമ്മദും ന്യായപ്രമാണവും (2)


  മുഹമ്മദും ന്യായപ്രമാണവും (ഭാഗം-2)


                            അനില്‍ കുമാര്‍ വി. അയ്യപ്പന്‍


  യിസ്രായേലുമായി യാതൊരു സംബന്ധവുമില്ലാതിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ്. അടിമസ്ത്രീയായ ഹാഗരില്‍ ജനിച്ച യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്  മുഹമ്മദ് എന്ന് ഇസ്ലാമ്യര്‍ പറയുന്നുണ്ടെങ്കിലും അതിനു യാതൊരു ചരിത്രത്തെളിവും  ഇല്ല. മുഹമ്മദിന്‍റെ അബ്രഹാം മുതലുള്ള വംശാവലിരേഖ ഹാജരാക്കുവാന്‍ ഇന്നു വരെ ഒരൊറ്റ മുസ്ലിം പണ്ഡിതനും കഴിഞ്ഞിട്ടില്ല. അബ്രഹാമും യിശ്മായേലും കൂടി സൗദി അറേബ്യയില്‍ എത്തിയെന്നും മക്കയില്‍ ‍കഅബ എന്നൊരു പള്ളി പണിതു എന്നും ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അതിനും യാതൊരു ചരിത്രത്തെളിവും ഇല്ല.

 അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2)  ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍,  മെദാന്‍,  മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ  ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പത്തി.16:8) ജനിച്ച യിശ്മായേലും  (ഉല്പത്തി.16:11) ആണ് ആ എട്ടു മക്കള്‍ . സാറയും സാറയുടെ കാലശേഷം  പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍ . ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ  അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ 'യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്.' (ഉല്പത്തി.21:12)

  യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ ‍എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ട് വന്നു. (ഉല്പത്തി. 21:8-21) 

  ഇതാണ് യിസഹാക്കിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ  വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ  പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല. 

 അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ ‍വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള  സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌ . ഈജിപ്റ്റ്‌ സ്വദേശിയായ  ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം  അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി  വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!

  ഇങ്ങനെ അബ്രഹമുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു ജനവിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന മുഹമ്മദിന് ന്യായപ്രമാണം അനുസരിക്കേണ്ട യാതൊരു ബാധ്യതയുമില്ല എന്നതാണ് സത്യം. എങ്കിലും ശ്രീ. ഈസാ മുഹമ്മദ്‌ തന്‍റെ പുസ്തകത്തില്‍ വാദിക്കുന്നത് മുഹമ്മദ്‌ മോശെയുടെ ന്യായപ്രമാണം അനുഷ്ഠിച്ചിരുന്നെന്നും ആ ന്യായപ്രമാണമനുസരിച്ചാണ് ഇസ്ലാം മതം സ്ഥാപിച്ചതെന്നുമത്രേ!!

ഖുറാനില്‍ അള്ളാഹു ന്യായപ്രമാണം നല്‍കിയിട്ടുണ്ടോ? 

  പത്തു കല്‍പനകളോ അനുബന്ധമായി നല്‍കപ്പെട്ട 603 കല്‍പനകളോ ഉള്‍പെട്ട  ന്യായപ്രമാണം 6666 വചനങ്ങളുള്ള ഖുറാനില്‍ ഒരിടത്തുമില്ല. എന്ന് മാത്രമല്ല,  ന്യായപ്രമാണത്തിലെ വിശുദ്ധമായ (റോമ.7:12) ധാര്‍മ്മിക നിയമങ്ങള്‍ക്ക്   എതിരായ അനേകം കല്പനകള്‍ അള്ളാഹു മുഹമ്മദ് വഴി നല്‍കിയിട്ടുമുണ്ട്.  (അവ നമുക്ക് വഴിയെ പരിശോധിക്കാം). ന്യായപ്രമാണമേ ലഭിച്ചിട്ടില്ലാത്ത ഇവര്‍  ന്യായപ്രമാണം അനുഷ്ഠിക്കണമെന്നും പറഞ്ഞു ബഹളം കൂട്ടുന്നതും പുത്തന്‍ മുസല്‍മാന്‍ അതിനു ഓശാന പാടുന്നതും കാണുമ്പോള്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്   നല്ല നേരം പോക്കിനുള്ള വകയുണ്ടെന്നു സമ്മതിക്കാതെ തരമില്ല.

മുഹമ്മദ്  ന്യായപ്രമാണം അനുസരിച്ചിരുന്നോ? 

  നമുക്ക് ഓരോന്നോരോന്നായി  പരിശോധിച്ച് നോക്കാം. 

1.)പരിേഛദന: യഹോവ മോശെ മുഖാന്തിരം യിസ്രായേല്‍മക്കള്‍ക്ക്‌ ന്യായപ്രമാണം നല്‍കുന്നതിനും 400 വര്‍ഷം മുന്‍പാണ് (ഉല്പത്തി.15:13-16) യഹോവയായ ദൈവം തന്‍റെ സ്നേഹിതനായ (യാക്കോബ് 2:23) അബ്രാമിന്‍റെ പേര് അബ്രഹാം എന്ന് മാറ്റിയതിനു ശേഷം പരിേഛദന എന്ന നിയമം കൊടുക്കുന്നത്. (അബ്രാം എന്നതിന് 'ജനതകള്‍ക്ക് പിതാവ്' എന്നര്‍ത്ഥം. അബ്രഹാം എന്നതിന് 'ബഹുജനതകള്‍ക്ക് പിതാവ്' എന്നാണര്‍ത്ഥം. അബ്രഹമില്‍നിന്ന് ധാരാളം ജനതകള്‍ ഉത്ഭവിക്കും എന്നാണു ഈ പേര് മാറ്റത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് . അബ്രഹാമിനും അബ്രഹാമിന്‍റെ ശേഷം അവന്‍റെ സന്തതിക്കും ദൈവത്തിനും മദ്ധ്യേയുള്ളതും അവര്‍ പ്രമാണിക്കേണ്ടതുമായ പരിേഛദന എന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു:

a) തലമുറ തലമുറയായി പുരുഷ പ്രജയൊക്കെയും പരിേഛദനയേല്‍ക്കണം (ഉല്പത്തി.17:10) 

b) എട്ടാം ദിവസമാണ് പരിേഛദനയേല്‍ക്കേണ്ടത്.  (ഉല്പത്തി.17:12) 

c) വീട്ടിലുള്ള എല്ലാ പുരുഷ സന്തതികളും പരിേഛദനയേല്‍ക്കണം (ഉല്പത്തി.17:12)

d) പരിേഛദനയേല്‍ക്കാത്തവനെ ജനത്തില്‍ നിന്ന് േഛദിച്ചു കളയണം. (ഉല്പത്തി.17:12 )

     ഒന്നാം ദിവസം മുതല്‍ ഏഴാം ദിവസത്തിനുള്ളിലോ ഒമ്പതാം ദിവസം മുതലുള്ള ഏതു ദിവസത്തിലോ പരിച്ചേദനയേറ്റാലും അത് ദൈവിക നിയമത്തിനു  എതിരാണ്. കൃത്യം എട്ടാം ദിവസം തന്നെ പരിച്ചേദനയേറ്റെങ്കില്‍ മാത്രമേ അത് ദൈവിക ന്യായപ്രമാണത്തിന് അനുസൃതമാകുകയുള്ളൂ. മുഹമ്മദ്‌ എട്ടാം ദിവസം പരിേഛദന ഏറ്റതായി ഒരു തെളിവും ഖുറനിലോ ഹദീസിലോ ഇല്ല. 
  സ്ത്രീ പുരുഷന്മാര്‍ പരിേഛദന ഏറ്റതിനെക്കുറിച്ച് ധാരാളം കഥകള്‍ ഹദീസുകളില്‍ ഉണ്ടെങ്കിലും മുഹമ്മദിന്‍റെ പരിച്ചേദനയെക്കുറിച്ച് ഹദീസ് രചയിതാക്കള്‍ മറന്നു പോയെന്നു തോന്നുന്നു. പ്രബലരായ സ്വഹാബിമാരുടെ പരിേഛദനയെക്കുറിച്ചും അവര്‍ വായ തുറക്കുന്നില്ല.

  ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം, മോശെയുടെ ന്യായപ്രമാണവും പരിേഛദനയും പ്രസംഗിക്കാനാണ് ഈസാ നബി വന്നതെന്നും ഈസാ നബിയുടെ ആ സന്ദേശത്തെ അട്ടിമറിച്ചു ഇന്ന് കാണുന്ന ക്രിസ്റ്റ്യാനിറ്റിക്കും പുതിയ നിയമത്തിനും രൂപം കൊടുത്തത്  പൗലോസ്‌  ആണെന്നും പൗലോസ്‌ ചെയ്ത ഈ വഞ്ചനയ്ക്ക് പരിഹാരം വരുത്തി മോശെയുടെ ന്യായപ്രമാണവും പരിേഛദനയും പുന:സ്ഥാപിക്കാന്‍ ആണ് മുഹമ്മദ്‌ വന്നതെന്നുമാണ് ശ്രീ.മുഹമ്മദ്‌ ഈസാ വാദിക്കുന്നത്. പക്ഷെ എന്ത് ചെയ്യാം, ഇതെല്ലാം പുന:സ്ഥാപിക്കാന്‍ വന്നയാളോട് പരിേഛദനയേല്‍ക്കണമെന്നു പറയാന്‍ പോലും അല്ലാഹു മറന്നു പോയി!!

  നിങ്ങള്‍ പരിച്ചേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ആയത്ത് പോലും ഖുറാനില്‍‍ ഇല്ല.  ശബ്ബത്ത്  ആചരിക്കുക,  മൃഗങ്ങളുടെ  മേദസ്സും  ഒട്ടക മാംസവും ഭക്ഷിക്കുന്നതിനുള്ള നിരോധനം തുടങ്ങി ബൈബിളിലുള്ള അനേകം കാര്യങ്ങള്‍ മുസ്ലിങ്ങള്‍ നിഷേധിക്കുമ്പോള്‍ ബൈബിളിലുള്ളതും ഖുറാനില്‍ ഇല്ലാത്തതുമായ പരിേഛദന മാത്രം തങ്ങള്‍ക്കു വേണം എന്ന് മുസ്ലിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ട്??

 അതില്‍ തന്നെ വേറെ ഒരു കാര്യം ബൈബിള്‍ അനുശാസിക്കാത്ത സ്ത്രീകളുടെ പരിേഛദന മുഹമ്മദ്‌ അനുശാസിച്ചു എന്നതാണ്. 

    "narrated Umm Atiyyah al-Ansariyyah: 'A woman used to perform sircumcision in Madina. The prophet (pbuh) said to her: do not cut  severely as that is better for a woman and more desirable for a husband." (Sunan Abu Dawud, book 41, hadees number 5251). 

  മുകളില്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് സ്ത്രീകള്‍ പരിേഛദനയേല്‍ക്കുന്നത് പുരുഷന് ലൈംഗികസുഖം കിട്ടാന്‍ വേണ്ടിയാണെന്ന് വ്യക്തം. യഹോവയായ ദൈവം പരിേഛദന നല്‍കിയതിന്‍റെ ഉദ്ദേശ്യം എന്താണെന്ന് പോലും സര്‍വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനോ അല്ലാഹുവിന്‍റെ പ്രവാചകനോ അറിയില്ലായിരുന്നു എന്ന് ചുരുക്കം!!!     (തുടരും....)

Thursday, 17 November 2011

മുഹമ്മദും ന്യായപ്രമാണവും-(ഭാഗം-1)


മുഹമ്മദും ന്യായപ്രമാണവും-(ഭാഗം-1)

             മുഹമ്മദും ന്യായപ്രമാണവും-1  

                   അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 
  
   (ഈ ലേഖന പരമ്പര വായിക്കുമ്പോള്‍ ഇത് തങ്ങള്‍ക്കു വളരെ അപമാനകരമാണല്ലോ എന്ന് ഒരു ഇസ്ലാം മതവിശ്വാസിക്ക് തോന്നിയേക്കാം.   പക്ഷെ, ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ല,  മറിച്ച്  ക്രൈസ്തവരുടെ  വിശ്വാസ  പ്രമാണങ്ങള്‍ക്കും  വിശുദ്ധഗ്രന്ഥത്തിനും അപ്പോസ്തലനായ പൌലോസിനും  എതിരെ ഇസ്ലാമ്യ പക്ഷത്ത് നിന്ന് ഉന്നയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന  വ്യാജാരോപണങ്ങളുടെ  സത്യാവസ്ഥ നിഷ്പക്ഷമതിയായ സത്യാന്വേഷകന്‍ ഗ്രഹിക്കാന്‍ ഇടയാകട്ടെ എന്ന സദുദ്ദ്യേശ്യത്തോടെ ആണ് ഇതെഴുതുന്നത് എന്ന് പ്രാരംഭത്തില്‍ തന്നെ വ്യക്തമാക്കട്ടെ.  ഇങ്ങനെയൊരു ലേഖനപരമ്പര രചിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിത്തീരുകയാണ് ഉണ്ടായത് എന്നതാണ് യഥാര്‍ത്ഥ്യം. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു ഇപ്പോള്‍ ഇസ്ലാംമത വിശ്വാസിയായിരിക്കുന്ന  ശ്രീ.മുഹമ്മദ്‌ ഈസ എഴുതിയ 'യേശു മിശിഹ ഏത് പക്ഷത്ത്?' എന്ന ക്ഷുദ്ര കൃതി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ ഞങ്ങള്‍ കണ്ടതാണ്. അതച്ചടിക്കാനുപയോഗിച്ച കടലാസിന്‍റെ വില പോലും അതിനില്ലെന്നു മനസ്സിലായതിനാല്‍ മറുപടിയെഴുതി ഞങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് മനസില്ലായിരുന്നു.  ആ പുസ്തകത്തില്‍  പറഞ്ഞിരിക്കുന്ന  പല  കാര്യങ്ങളും, ഖുറാനും സ്വഹിഹ് ഹദീസുകള്‍ക്കും, തഫ്സീറുകള്‍ക്കും, വിരുദ്ധമാണ് എന്നുള്ളതിനാല്‍  ഇസ്ലാമിക ലോകം തന്നെ ഈ അബദ്ധപ്പഞ്ചാംഗത്തെ തിരസ്കരിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു. (ഇസ്ലാമിക സാഹിത്യത്തില്‍ ക്രൈസ്തവരായ ഞങ്ങള്‍ക്കുള്ളത്ര അറിവ്  പോലും പല  മുസ്ലിങ്ങള്‍ക്കും ഇല്ലെന്നു ഈ ക്ഷുദ്രകൃതിയെ കൊണ്ടാടിയതിലൂടെ അവര്‍ തെളിയിച്ചു എന്നത് വേറെ കാര്യം!) ഇസ്ലാമിസ്റ്റുകളുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ക്രൈസ്തവ ജനതയെ ബോധവല്‍ക്കരിക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്‌ എന്നതിനാലാണ് ഇവ്വിധം ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തുന്നത്.

  മുഹമ്മദ്‌ ഈസ അവകാശപ്പെടുന്നത് പോലെ ഇസ്ലാം മതസ്ഥാപകനായ അറേബ്യയിലെ മുഹമ്മദ്‌ മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ കൃപയുടെ പ്രമാണവും അനുസരിച്ചാണോ ജീവിച്ചതെന്നും തന്‍റെ മതം സ്ഥാപിക്കേണ്ടതിനു  അദ്ദേഹം മോശെയുടെയും യേശുവിന്‍റെയും പ്രമാണങ്ങളെ അനുസരിക്കുകയായിരുന്നോ അതോ അവയെ പുല്ലു പോലെ കാറ്റില്‍ പറത്തുകയായിരുന്നോ ചെയ്തത് എന്നും ഈ ലേഖന പരമ്പരയില്‍ പഠനവിധേയമാക്കുന്നു. (ഞങ്ങള്‍ ഇവിടെ നിരത്തുന്ന തെളിവുകളെല്ലാം തന്നെ ഖുറാനില്‍ നിന്നും അംഗീകൃത ഹദീസുകളില്‍ നിന്നും മുസ്ലിങ്ങള്‍ അംഗീകരിച്ചിട്ടുള്ള മുഹമ്മദിന്‍റെ ജീവചരിത്രങ്ങളില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ശിയാക്കളുടെ ഹദീസ് ഞങ്ങള്‍ മന:പൂര്‍വ്വം ഒഴിവാക്കുകയാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും  മുഹമ്മദ്‌ അടക്കമുള്ള മുസ്ലിങ്ങളെ  പഠിപ്പിക്കാനും ഉള്ള അധികാരം അള്ളാഹു ഞങ്ങള്‍ക്ക് തന്നിട്ടുണ്ടെങ്കിലും (സൂറ.10:94  വായിച്ചു  നോക്കുക) ഇതിലുള്ള ഒരു കാര്യങ്ങള്‍ക്കും  ഞങ്ങള്‍ വ്യാഖ്യാനം കൊടുക്കുന്നില്ല. ഞങ്ങള്‍ ദുര്‍വ്യാഖ്യാനമാണ് നടത്തിയത് എന്ന പഴി ഒഴിവാക്കാന്‍ വേണ്ടിയാണത്.   എന്നാല്‍  മന:സാക്ഷിയോട്  സത്യസന്ധത   പുലര്‍ത്തുന്ന  വായനക്കാര്‍  എന്ന  നിലയില്‍, ഈ  അംഗീകൃത ഇസ്ലാമിക   ഗ്രന്ഥങ്ങള്‍  വായിച്ചപ്പോള്‍  ഞങ്ങളുടെ  മനസ്സിലുണ്ടായ  സംശയങ്ങളും  ചോദ്യങ്ങളും  അഭിപ്രായങ്ങളും  ഇവിടെ  രേഖപ്പെടുത്തുന്നുണ്ട്.)

എന്താണ് ന്യായപ്രമാണം?

      മുഹമ്മദിനും രണ്ടായിരം വര്‍ഷം മുന്‍പ് യഹോവയായ  ദൈവം  തന്‍റെ   പ്രവാചകനായ  മോശെ  മുഖാന്തിരം  താന്‍  ഈജിപ്തില്‍  നിന്ന്  വിടുവിച്ചു  കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിന് കൊടുത്ത ചട്ടങ്ങളെയും  വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ 'ന്യായപ്രമാണം' എന്നത് കൊണ്ട്  അര്‍ത്ഥമാക്കുന്നത്. ഒരു  യിസ്രായേല്യനു ദൈവത്തോടും  മനുഷ്യരോടുമുള്ള  ബന്ധം  എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം  613കല്പനകളാണ്  ന്യായപ്രമാണത്തില്‍  ഉള്ളതെങ്കിലും ആദ്യത്തെ  പത്ത് കല്പനകളാണ് ഏറെ  പ്രസിദ്ധം.  ഈ   പത്തു   കല്പനകളില്‍   ആദ്യത്തെ നാലെണ്ണം  ദൈവത്തോടുള്ള  ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും  എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍. ഈ  613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും  കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

613  കല്പനകള്‍  ഉള്‍ക്കൊള്ളുന്ന  ന്യായപ്രമാണത്തിനു  മൂന്നു  ഭാഗങ്ങളുണ്ട്

1) കല്പനകള്‍:  ഇവ  ധാര്‍മ്മിക  നിയമങ്ങളാണ്.  പുറപ്പാട്. 20:1-17 വരെ. 

2) വിധികള്‍:  ഇവ പൌരനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

3) ആരാധനാ നിയമങ്ങള്‍:  പുറപ്പാട്. 24:12-31:18 വരെ.

 ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. (ഇതില്‍ ശബ്ബത്ത് ഒരു അപവാദമാണ്. ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് ശബ്ബത്ത് ആചരിക്കുന്നില്ല എന്നത് പിന്നാലെ വിശദീകരിക്കുന്നുണ്ട്.) ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന  സുവ്യക്തമായ  വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം  ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ  ചെയ്യുന്നുണ്ട്.(ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

    ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍   248 എണ്ണം  വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ). 

  ചെയ്യേണ്ടത് ചെയ്യതിരുന്നാലും ചെയ്യരുതാത്തത്‌ ചെയ്താലും  ദൈവമുമ്പാകെ  ഒരു  യിസ്രയേല്യന്‍ കുറ്റക്കാരനായിത്തീരും. ന്യായപ്രമാണം മുഴുലോകത്തിനും വേണ്ടിയുള്ളതായിരുന്നില്ല, യിസ്രായേലിന് മാത്രമുള്ളതായിരുന്നു. ഒരു പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമേ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും അനുസരിക്കാന്‍ സാധിക്കുകയുള്ളൂ.

       ഉദാഹരണമായി,  ശബ്ബത്ത് ആചരിക്കുന്നത്.  യെഹൂദന്മാരുടെ ഒരു ദിവസം എന്നുള്ളത്  സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍   സൂര്യാസ്തമയം  വരെയാണ്.   (ലേവ്യ പുസ്തകം. 23:22). ഏഴാം ദിവസം അഥവാ ശനിയാഴ്ചയാണ്  (യെഹൂദാ കലണ്ടറനുസരിച്ചു വെള്ളിയാഴ്ച സൂര്യാസ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെ) ശബ്ബത്ത്. ഗോളാകൃതിയിലുള്ള  ഭൂമിയിലെ എല്ലാ  ജനങ്ങള്‍ക്കും  ഒരേ സമയത്ത്  ശബ്ബത്ത് ആചരിക്കുവാന്‍  കഴിയുകയില്ല.  കാരണം,  ഭൂഗോളത്തിന്‍റെ  ഒരു വശത്ത്  വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍  മറുവശത്തുള്ളവര്‍ക്ക് സൂര്യന്‍  ഉദിച്ചു വെള്ളിയാഴ്ച ആരംഭിക്കുന്നതേയുള്ളൂ.ഒരുവശത്തുള്ള ജനം ശനിയാഴ്ച ശബ്ബത്ത് ആചരിക്കുമ്പോള്‍   മറുവശത്തുള്ളവര്‍ക്ക് വെള്ളിയാഴ്ച ആരംഭിച്ചിട്ടേയുള്ളൂ.  ഇവര്‍ ശബ്ബത്ത് ആചരിക്കുന്ന സമയമാകുമ്പോഴേക്കും മറ്റവര്‍ക്കു ഞായറാഴ്ച നേരം  പുലര്‍ന്നിട്ടുണ്ടാകും. ലോകം മുഴുവനുമുള്ളവര്‍ക്ക് ആചരിക്കാനുള്ളതല്ല  ശബ്ബത്  എന്നതിന് വേറെ തെളിവ് വേണ്ടല്ലോ? (യിസ്രായേലിന് പുറത്ത് താമസിക്കുന്ന  യെഹൂദന്മാരും ശബ്ബത്ത് ആചരിക്കുന്നുണ്ട്. പക്ഷെ, ദൈവം യിസ്രായേല്‍ മക്കള്‍ക്ക്‌ വാഗ്ദാനം ചെയ്തിരുന്നത് 'പാലും തേനും ഒഴുകുന്ന കനാന്‍ ദേശം' മാത്രമായിരുന്നു. അവര്‍ പാപം ചെയ്തത് കൊണ്ടാണ് ദൈവം അവരെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചതും അവര്‍ പ്രവാസികളായി പുറം രാജ്യത്ത് താമസിക്കേണ്ടി  വന്നതും. അത് ദൈവത്തിന്‍റെ പദ്ധതിയിലുണ്ടായിരുന്ന കാര്യമല്ല.)

   ഇതേപോലെ തന്നെയുള്ള ഒരു കാര്യമാണ് യാഗങ്ങളോടുള്ള ബന്ധത്തില്‍ കാണുന്നതും. ഒരുവന് വഴിപാടു അര്‍പ്പിക്കണമെങ്കിലോ, അല്ലെങ്കില്‍ തെറ്റ് ചെയ്തതിനു പരിഹാരം വരുത്തണമെങ്കിലോ അവന്‍ ദൈവാലയത്തില്‍ കാളയെയോ, ആടിനെയോ, പ്രാവിനെയോ യാഗമായി അര്‍പ്പിക്കണമായിരുന്നു. അവന്‍റെ വാസസ്ഥലത്തുനിന്ന് യാഗമൃഗത്തേയും കൊണ്ടവന്‍ ദൈവാലയത്തിലേക്കു പോകണം. അവിടെ വെച്ച് പുരോഹിതന്‍ അവനു വേണ്ടി ആ മൃഗത്തെ യാഗം കഴിക്കണം. (ലേവ്യപുസ്തകം.1-5 അദ്ധ്യായം) യഹോവയായ ദൈവം ഭൂമിയില്‍ വസിച്ചിരുന്നത് യിസ്രായേല്‍ ജനത്തിന്‍റെ നടുവിലായിരുന്നു (പുറപ്പാട്.25:8).

  ലോകമെമ്പാടുമുള്ളവര്‍ക്ക് ആചരിക്കേണ്ടതായിരുന്നു ന്യായപ്രമാണമെങ്കില്‍ അവരീ യാഗമൃഗത്തേയും കൊണ്ട് യെരുശലേമിലേക്ക് പോവുക എന്നുള്ളത് നടക്കുന്ന കാര്യമല്ലല്ലോ. യിസ്രായേല്‍ മാത്രം അനുസരിച്ച് നടക്കേണ്ടതിനാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്‌ എന്ന് യാഗങ്ങളും തെളിയിക്കുന്നു. (തുടരും...)