Thursday 17 November 2011

മുഹമ്മദും ന്യായപ്രമാണവും-(ഭാഗം-1)


മുഹമ്മദും ന്യായപ്രമാണവും-(ഭാഗം-1)

             മുഹമ്മദും ന്യായപ്രമാണവും-1  

                   അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 
  
   (ഈ ലേഖന പരമ്പര വായിക്കുമ്പോള്‍ ഇത് തങ്ങള്‍ക്കു വളരെ അപമാനകരമാണല്ലോ എന്ന് ഒരു ഇസ്ലാം മതവിശ്വാസിക്ക് തോന്നിയേക്കാം.   പക്ഷെ, ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ല,  മറിച്ച്  ക്രൈസ്തവരുടെ  വിശ്വാസ  പ്രമാണങ്ങള്‍ക്കും  വിശുദ്ധഗ്രന്ഥത്തിനും അപ്പോസ്തലനായ പൌലോസിനും  എതിരെ ഇസ്ലാമ്യ പക്ഷത്ത് നിന്ന് ഉന്നയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന  വ്യാജാരോപണങ്ങളുടെ  സത്യാവസ്ഥ നിഷ്പക്ഷമതിയായ സത്യാന്വേഷകന്‍ ഗ്രഹിക്കാന്‍ ഇടയാകട്ടെ എന്ന സദുദ്ദ്യേശ്യത്തോടെ ആണ് ഇതെഴുതുന്നത് എന്ന് പ്രാരംഭത്തില്‍ തന്നെ വ്യക്തമാക്കട്ടെ.  ഇങ്ങനെയൊരു ലേഖനപരമ്പര രചിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിത്തീരുകയാണ് ഉണ്ടായത് എന്നതാണ് യഥാര്‍ത്ഥ്യം. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു ഇപ്പോള്‍ ഇസ്ലാംമത വിശ്വാസിയായിരിക്കുന്ന  ശ്രീ.മുഹമ്മദ്‌ ഈസ എഴുതിയ 'യേശു മിശിഹ ഏത് പക്ഷത്ത്?' എന്ന ക്ഷുദ്ര കൃതി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ ഞങ്ങള്‍ കണ്ടതാണ്. അതച്ചടിക്കാനുപയോഗിച്ച കടലാസിന്‍റെ വില പോലും അതിനില്ലെന്നു മനസ്സിലായതിനാല്‍ മറുപടിയെഴുതി ഞങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് മനസില്ലായിരുന്നു.  ആ പുസ്തകത്തില്‍  പറഞ്ഞിരിക്കുന്ന  പല  കാര്യങ്ങളും, ഖുറാനും സ്വഹിഹ് ഹദീസുകള്‍ക്കും, തഫ്സീറുകള്‍ക്കും, വിരുദ്ധമാണ് എന്നുള്ളതിനാല്‍  ഇസ്ലാമിക ലോകം തന്നെ ഈ അബദ്ധപ്പഞ്ചാംഗത്തെ തിരസ്കരിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു. (ഇസ്ലാമിക സാഹിത്യത്തില്‍ ക്രൈസ്തവരായ ഞങ്ങള്‍ക്കുള്ളത്ര അറിവ്  പോലും പല  മുസ്ലിങ്ങള്‍ക്കും ഇല്ലെന്നു ഈ ക്ഷുദ്രകൃതിയെ കൊണ്ടാടിയതിലൂടെ അവര്‍ തെളിയിച്ചു എന്നത് വേറെ കാര്യം!) ഇസ്ലാമിസ്റ്റുകളുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ക്രൈസ്തവ ജനതയെ ബോധവല്‍ക്കരിക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്‌ എന്നതിനാലാണ് ഇവ്വിധം ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തുന്നത്.

  മുഹമ്മദ്‌ ഈസ അവകാശപ്പെടുന്നത് പോലെ ഇസ്ലാം മതസ്ഥാപകനായ അറേബ്യയിലെ മുഹമ്മദ്‌ മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ കൃപയുടെ പ്രമാണവും അനുസരിച്ചാണോ ജീവിച്ചതെന്നും തന്‍റെ മതം സ്ഥാപിക്കേണ്ടതിനു  അദ്ദേഹം മോശെയുടെയും യേശുവിന്‍റെയും പ്രമാണങ്ങളെ അനുസരിക്കുകയായിരുന്നോ അതോ അവയെ പുല്ലു പോലെ കാറ്റില്‍ പറത്തുകയായിരുന്നോ ചെയ്തത് എന്നും ഈ ലേഖന പരമ്പരയില്‍ പഠനവിധേയമാക്കുന്നു. (ഞങ്ങള്‍ ഇവിടെ നിരത്തുന്ന തെളിവുകളെല്ലാം തന്നെ ഖുറാനില്‍ നിന്നും അംഗീകൃത ഹദീസുകളില്‍ നിന്നും മുസ്ലിങ്ങള്‍ അംഗീകരിച്ചിട്ടുള്ള മുഹമ്മദിന്‍റെ ജീവചരിത്രങ്ങളില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ശിയാക്കളുടെ ഹദീസ് ഞങ്ങള്‍ മന:പൂര്‍വ്വം ഒഴിവാക്കുകയാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും  മുഹമ്മദ്‌ അടക്കമുള്ള മുസ്ലിങ്ങളെ  പഠിപ്പിക്കാനും ഉള്ള അധികാരം അള്ളാഹു ഞങ്ങള്‍ക്ക് തന്നിട്ടുണ്ടെങ്കിലും (സൂറ.10:94  വായിച്ചു  നോക്കുക) ഇതിലുള്ള ഒരു കാര്യങ്ങള്‍ക്കും  ഞങ്ങള്‍ വ്യാഖ്യാനം കൊടുക്കുന്നില്ല. ഞങ്ങള്‍ ദുര്‍വ്യാഖ്യാനമാണ് നടത്തിയത് എന്ന പഴി ഒഴിവാക്കാന്‍ വേണ്ടിയാണത്.   എന്നാല്‍  മന:സാക്ഷിയോട്  സത്യസന്ധത   പുലര്‍ത്തുന്ന  വായനക്കാര്‍  എന്ന  നിലയില്‍, ഈ  അംഗീകൃത ഇസ്ലാമിക   ഗ്രന്ഥങ്ങള്‍  വായിച്ചപ്പോള്‍  ഞങ്ങളുടെ  മനസ്സിലുണ്ടായ  സംശയങ്ങളും  ചോദ്യങ്ങളും  അഭിപ്രായങ്ങളും  ഇവിടെ  രേഖപ്പെടുത്തുന്നുണ്ട്.)

എന്താണ് ന്യായപ്രമാണം?

      മുഹമ്മദിനും രണ്ടായിരം വര്‍ഷം മുന്‍പ് യഹോവയായ  ദൈവം  തന്‍റെ   പ്രവാചകനായ  മോശെ  മുഖാന്തിരം  താന്‍  ഈജിപ്തില്‍  നിന്ന്  വിടുവിച്ചു  കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിന് കൊടുത്ത ചട്ടങ്ങളെയും  വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ 'ന്യായപ്രമാണം' എന്നത് കൊണ്ട്  അര്‍ത്ഥമാക്കുന്നത്. ഒരു  യിസ്രായേല്യനു ദൈവത്തോടും  മനുഷ്യരോടുമുള്ള  ബന്ധം  എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം  613കല്പനകളാണ്  ന്യായപ്രമാണത്തില്‍  ഉള്ളതെങ്കിലും ആദ്യത്തെ  പത്ത് കല്പനകളാണ് ഏറെ  പ്രസിദ്ധം.  ഈ   പത്തു   കല്പനകളില്‍   ആദ്യത്തെ നാലെണ്ണം  ദൈവത്തോടുള്ള  ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും  എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍. ഈ  613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും  കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

613  കല്പനകള്‍  ഉള്‍ക്കൊള്ളുന്ന  ന്യായപ്രമാണത്തിനു  മൂന്നു  ഭാഗങ്ങളുണ്ട്

1) കല്പനകള്‍:  ഇവ  ധാര്‍മ്മിക  നിയമങ്ങളാണ്.  പുറപ്പാട്. 20:1-17 വരെ. 

2) വിധികള്‍:  ഇവ പൌരനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

3) ആരാധനാ നിയമങ്ങള്‍:  പുറപ്പാട്. 24:12-31:18 വരെ.

 ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. (ഇതില്‍ ശബ്ബത്ത് ഒരു അപവാദമാണ്. ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് ശബ്ബത്ത് ആചരിക്കുന്നില്ല എന്നത് പിന്നാലെ വിശദീകരിക്കുന്നുണ്ട്.) ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന  സുവ്യക്തമായ  വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം  ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ  ചെയ്യുന്നുണ്ട്.(ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

    ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍   248 എണ്ണം  വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ). 

  ചെയ്യേണ്ടത് ചെയ്യതിരുന്നാലും ചെയ്യരുതാത്തത്‌ ചെയ്താലും  ദൈവമുമ്പാകെ  ഒരു  യിസ്രയേല്യന്‍ കുറ്റക്കാരനായിത്തീരും. ന്യായപ്രമാണം മുഴുലോകത്തിനും വേണ്ടിയുള്ളതായിരുന്നില്ല, യിസ്രായേലിന് മാത്രമുള്ളതായിരുന്നു. ഒരു പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമേ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും അനുസരിക്കാന്‍ സാധിക്കുകയുള്ളൂ.

       ഉദാഹരണമായി,  ശബ്ബത്ത് ആചരിക്കുന്നത്.  യെഹൂദന്മാരുടെ ഒരു ദിവസം എന്നുള്ളത്  സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍   സൂര്യാസ്തമയം  വരെയാണ്.   (ലേവ്യ പുസ്തകം. 23:22). ഏഴാം ദിവസം അഥവാ ശനിയാഴ്ചയാണ്  (യെഹൂദാ കലണ്ടറനുസരിച്ചു വെള്ളിയാഴ്ച സൂര്യാസ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെ) ശബ്ബത്ത്. ഗോളാകൃതിയിലുള്ള  ഭൂമിയിലെ എല്ലാ  ജനങ്ങള്‍ക്കും  ഒരേ സമയത്ത്  ശബ്ബത്ത് ആചരിക്കുവാന്‍  കഴിയുകയില്ല.  കാരണം,  ഭൂഗോളത്തിന്‍റെ  ഒരു വശത്ത്  വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍  മറുവശത്തുള്ളവര്‍ക്ക് സൂര്യന്‍  ഉദിച്ചു വെള്ളിയാഴ്ച ആരംഭിക്കുന്നതേയുള്ളൂ.ഒരുവശത്തുള്ള ജനം ശനിയാഴ്ച ശബ്ബത്ത് ആചരിക്കുമ്പോള്‍   മറുവശത്തുള്ളവര്‍ക്ക് വെള്ളിയാഴ്ച ആരംഭിച്ചിട്ടേയുള്ളൂ.  ഇവര്‍ ശബ്ബത്ത് ആചരിക്കുന്ന സമയമാകുമ്പോഴേക്കും മറ്റവര്‍ക്കു ഞായറാഴ്ച നേരം  പുലര്‍ന്നിട്ടുണ്ടാകും. ലോകം മുഴുവനുമുള്ളവര്‍ക്ക് ആചരിക്കാനുള്ളതല്ല  ശബ്ബത്  എന്നതിന് വേറെ തെളിവ് വേണ്ടല്ലോ? (യിസ്രായേലിന് പുറത്ത് താമസിക്കുന്ന  യെഹൂദന്മാരും ശബ്ബത്ത് ആചരിക്കുന്നുണ്ട്. പക്ഷെ, ദൈവം യിസ്രായേല്‍ മക്കള്‍ക്ക്‌ വാഗ്ദാനം ചെയ്തിരുന്നത് 'പാലും തേനും ഒഴുകുന്ന കനാന്‍ ദേശം' മാത്രമായിരുന്നു. അവര്‍ പാപം ചെയ്തത് കൊണ്ടാണ് ദൈവം അവരെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചതും അവര്‍ പ്രവാസികളായി പുറം രാജ്യത്ത് താമസിക്കേണ്ടി  വന്നതും. അത് ദൈവത്തിന്‍റെ പദ്ധതിയിലുണ്ടായിരുന്ന കാര്യമല്ല.)

   ഇതേപോലെ തന്നെയുള്ള ഒരു കാര്യമാണ് യാഗങ്ങളോടുള്ള ബന്ധത്തില്‍ കാണുന്നതും. ഒരുവന് വഴിപാടു അര്‍പ്പിക്കണമെങ്കിലോ, അല്ലെങ്കില്‍ തെറ്റ് ചെയ്തതിനു പരിഹാരം വരുത്തണമെങ്കിലോ അവന്‍ ദൈവാലയത്തില്‍ കാളയെയോ, ആടിനെയോ, പ്രാവിനെയോ യാഗമായി അര്‍പ്പിക്കണമായിരുന്നു. അവന്‍റെ വാസസ്ഥലത്തുനിന്ന് യാഗമൃഗത്തേയും കൊണ്ടവന്‍ ദൈവാലയത്തിലേക്കു പോകണം. അവിടെ വെച്ച് പുരോഹിതന്‍ അവനു വേണ്ടി ആ മൃഗത്തെ യാഗം കഴിക്കണം. (ലേവ്യപുസ്തകം.1-5 അദ്ധ്യായം) യഹോവയായ ദൈവം ഭൂമിയില്‍ വസിച്ചിരുന്നത് യിസ്രായേല്‍ ജനത്തിന്‍റെ നടുവിലായിരുന്നു (പുറപ്പാട്.25:8).

  ലോകമെമ്പാടുമുള്ളവര്‍ക്ക് ആചരിക്കേണ്ടതായിരുന്നു ന്യായപ്രമാണമെങ്കില്‍ അവരീ യാഗമൃഗത്തേയും കൊണ്ട് യെരുശലേമിലേക്ക് പോവുക എന്നുള്ളത് നടക്കുന്ന കാര്യമല്ലല്ലോ. യിസ്രായേല്‍ മാത്രം അനുസരിച്ച് നടക്കേണ്ടതിനാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്‌ എന്ന് യാഗങ്ങളും തെളിയിക്കുന്നു. (തുടരും...)

3 comments:

വസ്തുതകളെ വിലയിരുത്തി വിധി പറയുവാന്‍ കഴിവുള്ളവര്‍ മാത്രം ഇവിടെ പ്രതികരിക്കുക. വികാരത്തിന്‍റെ പുറത്തല്ല, വിവേകത്തോടു കൂടി മാത്രം ഞങ്ങളെ എതിര്‍ക്കുക. ഇവിടെ എഴുതിയിരിക്കുന്നതില്‍ വസ്തുതാപരമായ പിശകുകളുണ്ടെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക. അത് നീക്കം ചെയ്യപ്പെടുന്നതായിരിക്കും.