Wednesday 21 December 2011

മുഹമ്മദും ന്യായ പ്രമാണവും (ഭാഗം-4)

 മുഹമ്മദും ന്യായ പ്രമാണവും (ഭാഗം-4) 
                                     അനില്‍ കുമാര്‍. വി. അയ്യപ്പന്‍.

3)'ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കു കീഴെ  വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുത്; അവയെ നമസ്കരിക്കയോ സേവിക്കുകയോ ചെയ്യരുത്.' (പുറപ്പാട്. 20:4,5)


  യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയാണിത്. ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള (ജീവനുള്ളതോ ഇല്ലാത്തതോ ആയ) യാതൊന്നിന്‍റെയും പ്രതിമയെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത് എന്ന് വളരെ വ്യക്തമായി തന്നെ കല്പിച്ചിരിക്കുന്നു. ഈ കല്പനയും മുഹമ്മദിന് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു ഖുറാനും ഹദിസുകളും പരിശോധിച്ചാല്‍ മനസ്സിലാകും. നമുക്ക് അവയൊന്നു പരിശോധിച്ച് നോക്കാം:

     a) 'അവന്‍ നിന്നെ നഷ്ടപ്പെട്ടവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു (സൂറ. 93:7) ഈ ആയത്ത്‌ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ അല്ലാഹുവില്‍ നിന്ന് മാര്‍ഗ്ഗദര്‍ശനം കിട്ടുന്നതിനു മുന്‍പുള്ള കാലത്ത് മുഹമ്മദ്‌ നഷ്ടം പറ്റിയ ഒരുവനായിട്ടാണ് അഥവാ നരകാവകാശിയായിട്ടാണ് ജീവിച്ചിരുന്നതെന്ന് വ്യക്തം! 'നഷ്ടം പറ്റിയവര്‍' എന്ന പദത്താല്‍ ഖുര്‍ആന്‍ പൊതുവേ വിവക്ഷിക്കുന്നത് ബഹുദൈവാരാധകരേയും വിഗ്രഹാരാധകരേയും ആകുന്നു. മുഹമ്മദ്‌ അവരില്‍പെട്ട ഒരുവനായിരുന്നു എന്ന് സാരം.

     വിഗ്രഹാരാധിയായ ഒരാളെപ്പിടിച്ചു തന്‍റെ പ്രവാചകനാക്കുകയാണ് അള്ളാഹു ചെയ്തത്. ബൈബിളിലെ സത്യ ദൈവം ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ദൈവം തന്നെ വിളിക്കുന്നതിനു മുന്‍പ് അബ്രഹാം വിഗ്രഹാരാധകരുടെ ഇടയിലാണ് ജീവിച്ചിരുന്നതെങ്കിലും അദ്ദേഹം ഒരിക്കലും ഒരു വിഗ്രഹാരാധിയായിരുന്നില്ല. പിന്നീട് മോശെ മുതല്‍ മലാഖി വരെയുള്ള സകല പ്രവാചകന്മാരെ എടുത്തു നോക്കിയാലും സത്യദൈവം അവരെ വിളിക്കുന്നതിനു മുന്‍പോ പിന്‍പോ ഉള്ള ഒരു സമയത്തും അവര്‍ വിഗ്രഹങ്ങളെ നമസ്കരിച്ചിരുന്നില്ലെന്നു കാണാം. അതുകൊണ്ട് തന്നെ വിഗ്രഹാരാധനക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക യോഗ്യതയും അവര്‍ക്കുണ്ടായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വിഗ്രഹാരാധനക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക യോഗ്യതയുള്ളവരെ മാത്രമേ യഹോവയാം ദൈവം തന്‍റെ പ്രവാചകരായി തിരഞ്ഞെടുത്തിട്ടുള്ളൂ. എന്നാല്‍ അല്ലാഹുവിനു തന്‍റെ പ്രവാചകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അങ്ങനെയൊരു മാനദണ്ഡം ഇല്ല!!

   ഇനി ഹദീസുകളും സീറകളും പരിശോധിച്ചാല്‍ നമുക്ക് കിട്ടുന്നത് മുഹമ്മദ്‌ വിഗ്രഹങ്ങള്‍ക്ക് ബലി കഴിക്കുകയും ആ ബലി മൃഗത്തിന്‍റെ മാംസം വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തിട്ടുള്ള കഥകളാണ്. സീറാ റസൂലല്ലാ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ആല്‍ഫ്രെഡ്‌ ഗ്വില്ലുമിയുടെ 'ഇസ്ലാം' എന്ന ഗ്രന്ഥത്തില്‍ നിന്ന് ഒരു ഭാഗം നമുക്ക് പരിശോധിക്കാം: 

    'സൈദ്‌ ഇബ്നു അംറു ഇബ്നു നുഫൈലിനെപ്പറ്റി അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ പറഞ്ഞതായി എനിക്ക് കിട്ടിയിട്ടുള്ള വിവരം: 'അദ്ദേഹമാണ് വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ആദ്യമായി  കുറ്റപ്പെടുത്തിയ ആള്‍ . എന്‍റെ വിഗ്രഹാരാധനയെ ആദ്യമായി തടഞ്ഞതും അദ്ദേഹം തന്നെ. ഞാനും സൈദ്‌ ഇബ്നു ഹാരിത്തും അല്‍-തായ്ഫില്‍ നിന്ന് ഒരുമിച്ചു വരികയായിരുന്നു. മെക്കയിലെ പര്‍വ്വതവാസിയായ സൈദ്‌ ഇബ്നു അംറിനെ ഞങ്ങള്‍ കണ്ടുമുട്ടി. സ്വമതപരിത്യാഗത്തിന്‍റെ നല്ലൊരു ഉദാഹരണമായിട്ടാണ് ഖുറൈശികള്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. അദ്ദേഹം അതുകൊണ്ട് അവരുടെ ഇടയില്‍ നിന്ന് മാറി മക്കയിലെ പര്‍വ്വതങ്ങളിലാണ് ജീവിച്ചിരുന്നത്.  ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ ഇരുന്നു. ഞങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലി കഴിച്ചു അര്‍പ്പിച്ച മാംസം അടങ്ങിയ സഞ്ചി എനിക്കുണ്ടായിരുന്നു. സൈദ്‌ ഇബ്നു ഹാരിത്താണ് അത് ചുമന്നിരുന്നത്. ഞാന്‍ അത് സൈദ്‌ ഇബ്നു അംറിന്  നല്‍കി. ഞാന്‍ ഒരു കൌമാരക്കാരനായിരുന്നു ആ സമയത്ത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'പിതൃവ്യാ, ഈ ഭക്ഷണം  അല്പം കഴിക്കൂ.' അദ്ദേഹം ചോദിച്ചു: 'തീര്‍ച്ചയായും ഇത് അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചു നിവേദിച്ചതിന്‍റെ ഒരു ഭാഗമായിരിക്കുമല്ലോ?' ഞാന്‍ അതെയെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ' എന്‍റെ മകനെ, നീ അബ്ദുല്‍ മുത്തലിബിന്‍റെ പെണ്മക്കളോട് ചോദിച്ചിരുന്നെങ്കില്‍ അവര്‍ പറഞ്ഞു തരുമായിരുന്നു ഞാന്‍ ഒരിക്കലും ഈ ബലിയിറച്ചി കഴിക്കില്ലെന്ന്, അതിനുള്ള ആഗ്രഹം പോലും എനിക്കില്ലെന്ന്.' പിന്നെ അദ്ദേഹം എന്‍റെ വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ശാസിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അവ യാതൊരു വിലയുമില്ലാത്ത കാര്യമാണ്. ഒരാള്‍ക്കും ഗുണമോ ദോഷമോ ചെയ്യാന്‍ അവയ്ക്ക് കഴിവില്ല.' പിന്നെ അപ്പോസ്തലന്‍ കൂട്ടി ചേര്‍ത്തു: 'അതിനു ശേഷം അള്ളാഹു തന്‍റെ അപ്പോസ്തലത്വം എനിക്ക് തരുന്നത് വരെ ഞാന്‍ അറിഞ്ഞു കൊണ്ട് ഒരിക്കലും അവരുടെ വിഗ്രഹങ്ങളിലോന്നിനെപ്പോലും തഴുകുവാനോ അവയ്ക്ക് ബലിയര്‍പ്പിക്കുവാനോ പോയിട്ടില്ല.'(Guillaume, Islam (Penguin USA: ISBN: 0140203117) Page 26,27)

     ഇതേ സംഭവം അല്പം ചെറിയ വിവരണത്തോടെ സ്വഹിഹ് ബുഖാരി, വാല്യം 7, ഹദിസ് നമ്പര്‍ 407-ല്‍ നമുക്ക് കാണാന്‍ കഴിയും. ഈ സംഭവത്തിന്‌  ദൃക്സാക്ഷിയായ സൈദ്‌ ബിന്‍ ഹാരിത്തില്‍ നിന്നുള്ള വിവരണം 'ശരഫ് അല്‍-മുസ്തഫ' എന്ന ഗ്രന്ഥത്തിലുണ്ടു. 'തന്‍റെ വിഗ്രഹങ്ങളിലോന്നിനു (നുസുബ് മിന്‍ അല്‍-അന്സാബ്) വേണ്ടി പ്രവാചകന്‍ ഒരു പെണ്ണാടിനെ അറുത്തു. പിന്നെ അദ്ദേഹം അത് പൊരിച്ചിട്ടു തന്‍റെ കൈവശമെടുത്തു. താഴ്‌വരയുടെ മുകള്‍ ഭാഗത്ത്‌ വെച്ച് സൈദ്‌ ഇബ്ന്‍ അംറു ഇബ്ന്‍ നുഫൈല്‍ ഞങ്ങളെ കണ്ടുമുട്ടി. അത് മെക്കയിലെ ഏറ്റവും ചൂടുള്ള ഒരു ദിവസമായിരുന്നു. ഞങ്ങള്‍ കണ്ടു മുട്ടിയപ്പോള്‍ ജാഹിലിയ്യാ കാലഘട്ടത്തിലെ സമ്പ്രദായമനുസരിച്ചു ഞങ്ങള്‍ പരസ്പരം 'ഇന്‍ആം സബഹാന്‍' എന്ന് അഭിവാദ്യം ചെയ്തു. പ്രവാചകന്‍ ചോദിച്ചു: അംറിന്‍റെ പുത്രാ, എന്തുകൊണ്ടാണ് താങ്കളുടെ സ്വന്തം ജനങ്ങള്‍ താങ്കളെ വെറുക്കുന്നതായി ഞാന്‍ കാണുന്നത്?.' അദ്ദേഹം പറഞ്ഞു: 'ഇത് അവരുടെ വെറുപ്പ്‌ കൊണ്ട് സംഭവിച്ചതല്ല, മറിച്ചു അവര്‍ ദൈവത്തോട് പങ്കു ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി ഞാന്‍ കണ്ടതുകൊണ്ടുണ്ടായതാണ്. ഞാന്‍ അതൊരിക്കലും ചെയ്യുകയില്ല. ഞാന്‍ അബ്രഹാമിന്‍റെ മതത്തില്‍ പറയുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു.' പ്രവാചകന്‍ ചോദിച്ചു: 'ഞാന്‍ താങ്കള്‍ക്ക് കുറച്ചു ആഹാരം തരട്ടെയോ?' 'ശരി,' അദ്ദേഹം പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന്‍റെ മുന്‍പാകെ പെണ്ണാടിന്‍റെ മാംസം എടുത്തു വെച്ചു. അദ്ദേഹം (സൈദ്‌ ബിന്‍ അംറു) ചോദിച്ചു: 'ഓ മുഹമ്മദ്‌, എന്തിനു മുന്‍പിലാണ് നീ ഇത് ബലിയര്‍പ്പിച്ചത്?' അദ്ദേഹം പറഞ്ഞു: 'എന്റെ വിഗ്രഹങ്ങളില്‍  ഒന്നിന്'  അപ്പോള്‍ സൈദ്‌ പറഞ്ഞു: 'ദൈവത്തിനല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കള്‍ക്ക് ബലിയര്‍പ്പിച്ചത് ഭക്ഷിക്കുന്ന ഒരുവനല്ല, ഞാന്‍.' (Al-Kharqushi, Sharaf Al-Mustafa, cited in F.E.Peters, Muhammaed and the Religion of Islam (State university of New York Press (SUNY), Albany 1994), pages 1226,1227)

      വിഗ്രഹാരാധിയായ ഒരാളെപ്പിടിച്ചു തന്‍റെ പ്രവാചകനാക്കേണ്ടി വന്ന ഗതികേടാണ് അല്ലഹുവിനുണ്ടായത് എന്ന് മുകളിലെ തെളിവുകള്‍ നമ്മോടു പറയുന്നു. 

  "ഇതെല്ലാം അള്ളാഹു മുഹമ്മദിനെ പ്രവാചകനായി തിരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള കാര്യങ്ങളാണ്, അദ്ദേഹം പ്രവാചകനായി തീര്‍ന്നതിനു ശേഷം യാതൊരു വിഗ്രഹങ്ങളുടെ മുന്‍പിലും നമസ്കരിച്ചിട്ടില്ല" എന്ന് മുസ്ലിം സുഹൃത്തുക്കള്‍ സാധാരണയായി വാദിക്കാറുണ്ട്. ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ട് പരിശോധിച്ചാല്‍, ഈ വാദഗതിയുടെ പൊള്ളത്തരം പിടികിട്ടും! അറബികളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ മുഹമ്മദ്‌ വിഗ്രഹാരാധനക്കെതിരെ സംസാരിച്ചു എന്ന് തോന്നാം. പക്ഷെ, ബൈബിളിന്‍റെ കാഴ്ചപ്പാടില്‍ മുഹമ്മദ്‌ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ്!!

   മദീന കേന്ദ്രമാക്കിക്കൊണ്ടു വാളിന്‍റെ വായ്ത്തലയുടെ ശക്തിയില്‍ മുഹമ്മദ്‌ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹവും അനുയായികളും ഹിജ്റ ഒമ്പതാം വര്‍ഷം മെക്കാ പിടിച്ചെടുത്തു. അന്ന് മെക്കാ ഒരു വലിയ ഒരു തീര്‍ഥാടന കേന്ദ്രമാണ്. അവിടത്തെ കഅബ എന്ന ജാതീയ ദേവാലയത്തിനകത്ത് 360 ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങളുണ്ടായിരുന്നു. (അക്കൂട്ടത്തില്‍ അല്ലാഹുവിന്‍റെ മൂന്നു പെണ്മക്കളായ അല്‍-ലാത്ത, അല്‍-ഉസ്സ, അല്‍-മനാത്തെ എന്നിവരുടെ വിഗ്രഹങ്ങളും ഉള്‍പ്പെട്ടിരുന്നു!!) അറബികളുടെ കാലഗണന സൗരവര്‍ഷത്തിലല്ല, ചന്ദ്രവര്‍ഷത്തിലായിരുന്നു. (ഇന്നും മുസ്ലിങ്ങള്‍ മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചന്ദ്രവര്‍ഷ കലണ്ടര്‍ ആണ്.) അതിനാല്‍ അവരുടെ ഒരു വര്‍ഷം എന്നത് നമ്മുടേത്‌ പോലെ  365.25 ദിവസമല്ല, മറിച്ചു 30 ദിവസങ്ങളുള്ള 12 മാസങ്ങള്‍ അഥവാ 360 ദിവസമാണ്. ഓരോ ദിവസത്തിനും ഓരോ ദേവന്‍ എന്ന നിലയിലാണ് ഈ 360 ദേവന്മാരെ പരിഗണിച്ചിരുന്നത്. ഈ ദേവഗണത്തിന്‍റെ തലവന്‍ എന്ന സ്ഥാനമുണ്ടായിരുന്നത് മുഹമ്മദ്‌ ഉള്‍പ്പെടുന്ന ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവമായ അല്ലഹുവിനായിരുന്നു. ദേവന്മാരും ദേവതകളും ഉള്‍പ്പെടുന്ന അള്ളാഹു ഒഴികെയുള്ള ഈ 359 എണ്ണത്തില്‍ പലതും അറേബ്യന്‍ ഉപദ്വീപിലെ മറ്റു പല ഗോത്രക്കാരുടെയും കുല ദൈവങ്ങളായിരുന്നു. ഓരോ ദേവന്മാര്‍ക്കും (ദേവതമാര്‍ക്കും) ബിംബങ്ങളും ഉണ്ടായിരുന്നു. ഇതില്‍ അല്ലാഹുവിന്‍റെ ബിംബമായി പരിഗണിച്ചിരുന്നത്, അള്ളാഹു ആകാശത്ത് നിന്ന് ഇറക്കി കൊടുത്തു എന്ന് അറബികള്‍ വിശ്വസിച്ചിരുന്ന ഒരു കറുത്ത കല്ലിനെയായിരുന്നു. ഈ കറുത്ത കല്ല്‌ 'ഹജ്ജറുള്‍ അസവദ്' എന്നറിയപ്പെടുന്നു. (കത്തിത്തീരാതെ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ  അവശിഷ്ട ഭാഗമായിരിക്കണം ഈ കല്ല്) മുഹമ്മദ് മെക്ക പിടിച്ചടക്കിയതിനു ശേഷം കഅബയിലുണ്ടായിരുന്ന 359 വിഗ്രഹങ്ങളെയും നശിപ്പിച്ചുവെങ്കിലും ഹജറുല്‍ അസ് വദിന്‍റെ മേല്‍ കൈ വെയ്ക്കുവാനുള്ള ധൈര്യം ഉണ്ടായില്ല.

     മുഹമ്മദ്‌ ആ കല്ലിനെ നശിപ്പിച്ചില്ലെന്ന് മാത്രമല്ല, ജാഹലിയ്യ കാലഘട്ടത്തില്‍ (ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലഘട്ടം) അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ കല്ലിനെ ചുംബിക്കുന്ന കലാപരിപാടി അങ്ങനെ തന്നെ ഇസ്ലാമിലേക്ക് സ്വീകരിക്കുകയുണ്ടായി. (തന്‍റെ പുതിയ മതത്തിനു അറബികള്‍ക്കിടയില്‍ സ്വീകാര്യത കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.) ഇന്നും ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ജീവിത കാലത്ത് ഒരിക്കലെങ്കിലും ഈ കറുത്ത കല്ലിനെ ദര്‍ശിക്കുവാന്‍ അവസരം കിട്ടിയാല്‍ ജീവിതം ധന്യമായി എന്ന് കരുതുന്നവരാണ്. മുഹമ്മദിന്‍റെ അനുയായികളില്‍ ചിന്താശേഷി ഉണ്ടായിരുന്ന ഉമര്‍ ഈ കറുത്ത കല്ലിനെ ചുംബിക്കുന്നതിനോട് വളരെ  വിയോജിപ്പുള്ള ആളായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ എതിര്‍പ്പിനു വിലയില്ലാതെ പോയി. നമുക്ക് ഹദിസുകളില്‍ നിന്ന് ചില തെളിവുകള്‍ പരിശോധിക്കാം: 

  1) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: 'ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: 'ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.'

  2) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: 'അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.'

3) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

4) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസ് വദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: 'അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.'

5) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. 'അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്' എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു. 

      മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് 'സീറാ റസൂല്‍ അള്ളാ'യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കല്ലിനെ ചുംബിക്കുന്നത് വിഗ്രഹാരാധനയാകുമോ എന്ന് ചോദിച്ചാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ടുള്ള മറുപടി 'അത് വിഗ്രഹാരാധന തന്നെയാണ്' എന്നുള്ളതാണ്. അത് കേവലം ഒരു കല്ലല്ല, മറിച്ചു 'അള്ളാഹു ഭൂമിയിലേക്ക്‌ ഇട്ടു തന്ന പരിശുദ്ധമായ കല്ലാണ്'എന്ന വിശ്വാസത്തിലാണ് അതിന്‍റെ മുന്‍പാകെ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും. ആ കല്ല്‌ അല്ലാഹുവിന്‍റെ അടുത്തു നിന്ന് വന്നത് കൊണ്ട് അതിനു പ്രത്യേകതകള്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് മുഹമ്മദ്‌ അതിനോട് ഇടപെട്ടത്. ഇതിനോടുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് എന്താണെന്ന് താഴെ കൊടുക്കുന്നു:

   2.രാജാക്കന്മാര്‍ 19:18-ല്‍ ഏലിയാ പ്രവാചകനോട് യഹോവ പറയുന്നത് ഇപ്രകാരമാണ്:"എന്നാല്‍ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ എനിക്കായി യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു." ഇതിന്‍റെ പശ്ചാത്തലം വിവരിക്കാം: അന്നത്തെ രാജാവടക്കമുള്ള യിസ്രായേല്‍ ജനം യഹോവയെ വിട്ടു 'ബാല്‍' എന്ന അന്യദൈവത്തിലേക്ക് തിരിഞ്ഞു. തിശ്ബ്യനായ ഏലിയാവ് എന്ന പ്രവാചകന്‍  കല്പിച്ചതനുസരിച്ചു മൂന്നര വര്‍ഷം മഞ്ഞോ മഴയോ ഉണ്ടായില്ല. അതിനു ശേഷം യിസ്രായേല്‍   രാജാവിനെയും ജനങ്ങളെയും ഏലിയാവ് കര്‍മ്മേല്‍ പര്‍വ്വതത്തില്‍ ഒന്നിച്ചു കൂട്ടുകയും അവിടെ വെച്ച് യഹോവ തന്നെയാണ് സത്യദൈവം എന്ന് ജനങ്ങള്‍ക്ക്‌ തെളിയിച്ചു കൊടുക്കുകയും ചെയ്തു.  പിന്നെ എലിയാവിന്‍റെ കല്പന പ്രകാരം ജനം ബാലിന്‍റെ 450 പ്രവാചകന്മാരെയും രാജ്ഞിയുടെ മേശയിങ്കല്‍ ഭക്ഷിച്ചു വരുന്ന 400 അശേരാ പ്രവാചകന്മാരെയും കൊന്നു കളഞ്ഞു. 


  ഇതറിഞ്ഞ ഇസ്സബേല്‍ രാജ്ഞി ആളയച്ചു ഏലിയാവിനോട് പറഞ്ഞു: "നാളെ ഈ നേരമാകുന്നതിനു  മുന്‍പ് അവരില്‍ (കൊല്ലപ്പെട്ടവരില്‍ ) ഒരുത്തനെപ്പോലെ ഞാന്‍ നിന്നെയും ആക്കും.' അപ്പോള്‍ ഏലിയാവ് ഭയപ്പെട്ടു ജീവരക്ഷക്കായി അവിടെ നിന്ന് ഓടിപ്പോയി. പിന്നെ അവന്‍ യഹോവയോടു പറയുന്നത് 'സൈന്യങ്ങളുടെ ദൈവമായ യാഹോവക്ക് വേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു. യിസ്രായേല്‍ മക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ചു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു നിന്‍റെ പ്രവാചകന്മാരെ വാള്‍ കൊണ്ട് കൊന്നു കളഞ്ഞു. ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു. അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു. അതുകൊണ്ട് എന്റെ പ്രാണനെ എടുത്തു കൊള്ളണമേ' എന്ന്. ഏലിയാവിന്‍റെ ഈ പ്രാര്‍ത്ഥനക്കുള്ള മറുപടിയായിട്ടാണ്  യഹോവ  പറയുന്നത് 'നീ മാത്രമല്ല, ഏഴായിരം പേര്  എനിക്ക് യിസ്രായേലില്‍ ഉണ്ട്' എന്ന്. 

    യഹോവയുടെ മറുപടിയിലെ ഒരു പദപ്രയോഗം ശ്രദ്ധിക്കുക,ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവര്‍ എന്നാണു പറഞ്ഞിരിക്കുന്നത്. ബാല്‍ ബിംബത്തിനു മുന്‍പാകെ മുഴങ്കാല്‍ മടക്കുന്നതും അതിനെ ചുംബനം ചെയ്യുന്നതും വിഗ്രഹാരാധനയായിട്ടാണ് യഹോവയായ ദൈവം പരിഗണിക്കുന്നത്. ബാലിന്‍റെ മുന്‍പാകെ മാത്രമല്ല, ഈ വചനമനുസരിച്ചു ആകാശത്തു നിന്ന് വീണെന്ന് പറയപ്പെടുന്ന കല്ലിന്‍റെ മുന്‍പില്‍ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും വിഗ്രഹാരാധന തന്നെയാണ്. മുഹമ്മദ്‌ ഹജറുല്‍ അസവദിന്‍റെ മുന്‍പാകെ ഇത് രണ്ടും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇന്നുവരെയുള്ള മുസ്ലിങ്ങളില്‍  കോടിക്കണക്കിനു പേര്‍ മുഹമ്മദ്‌ ചെയ്തത് കൊണ്ട് മാത്രം ആ കല്ലിനു മുന്‍പില്‍ മുട്ട് മടക്കുകയും അതിനെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിഗ്രഹാരാധനയെന്നെ പാപം ചെയ്തെന്നു മാത്രമല്ല അനേകരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്തെന്നു സാരം.

   യഹോവയായ ദൈവം  നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സുതരാം വ്യക്തം!  (തുടരും...)

Thursday 1 December 2011

മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3)


 മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3)

                       അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 


2) അടിമ വീടായ മിസ്രയീം ദേശത്തു നിന്ന് നിന്നെ കൊണ്ട് വന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. (പുറപ്പാട്.20:2,3)

  ദൈവം മോശെ മുഖാന്തിരം കൊടുത്ത ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണിത്. ബൈബിളില്‍ 7000-ഓളം പ്രാവശ്യം കാണുന്ന നാമമാണ് യഹോവ എന്നത്. ബൈബിളില്‍ വെളിപ്പെടുത്തപ്പട്ടിരിക്കുന്ന ദൈവത്തിന്‍റെ നാമം യഹോവ എന്നാകുന്നു. യഹോവ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം 'ഞാന്‍ ആകുന്നു' എന്നാണ്. പുറപ്പാട് 3:13,14-ല്‍ "മോശെ തനിക്കു പ്രത്യക്ഷനായ ദൈവത്തോട്: ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്ന്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍: അവന്‍റെ നാമം എന്തെന്ന് അവര്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചു. അതിനു ദൈവം മോശെയോടു: 'ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. ഞാന്‍ ആകുന്നു എന്നവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍ മക്കളോട് പറയണം എന്ന് കല്പിച്ചു' എന്ന് നാം വായിക്കുന്നു. അവിടെ  ദൈവം പറഞ്ഞ 'ഞാന്‍ ആകുന്നു' എന്ന വാക്കിന്‍റെ എബ്രായ രൂപമായ 'യെഹ്യത്' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് യഹോവ എന്ന നാമം.

   തലമുറതലമുറയായി നില്‍ക്കുന്ന നാമം ആണത്, മാറ്റമില്ലാത്ത നാമം. അതിശയമുള്ള നാമം. യെശയ്യാവ്.42:8-ല്‍ 'ഞാന്‍ യഹോവ; അതുതന്നെ എന്‍റെ നാമം' എന്ന് വായിക്കുന്നു. 'പര്‍വതങ്ങളെ നിര്‍മ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോടു അവന്‍റെ നിരൂപണം ഇന്നതെന്നു അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നട കൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്‍റെ നാമം' എന്ന് ആമോസ്.4:13-ല്‍ വായിക്കുന്നു. അതെ, അത് സര്‍വ്വശക്തിയുള്ള നാമമാണ്. ആ നാമം വലിയതാണ് (സങ്കീ.76:1); വിടുവിക്കുന്ന നാമം (സങ്കീ.79:9); നീതിപാതകളില്‍ നടത്തുന്ന തിരുനാമം (സങ്കീ.23:3)' മഹത്തും ഭയങ്കരവുമായ നാമം (ആവര്‍ത്തനം.28:58)! ആ നാമം വെറുതെ എടുക്കരുത് (പുറപ്പാട്.20:7); തിരുനാമത്തെ ദുഷിക്കുന്നവര്‍ മരണശിക്ഷ അനുഭവിക്കണം (ലേവ്യ.24:16); പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് യഹോവയുടെ നാമത്തിലാണ്. (ആവ.18;19); അന്യദൈവങ്ങളുടെ നാമത്തില്‍ പ്രവചിക്കുന്നവനെ കൊന്നു കളയണം (ആവ.18:20).

   ബൈബിളില്‍ 'ദൈവം' എന്ന പദവിനാമത്തില്‍ മാത്രമല്ല, 'യഹോവ' എന്ന വ്യക്തിനാമത്തിലും സര്‍വ്വശക്തനായ സ്രഷ്ടാവ് മനുഷ്യര്‍ക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

   മക്കയിലെ കഅബാ ദേവാലയത്തില്‍ 360 വിഗ്രഹങ്ങളുടെ നായകസ്ഥാനം വഹിച്ചു കൊണ്ടിരുന്ന ഖുറൈഷി ഗോത്ര കുലദൈവത്തിന്‍റെ പേരാണ്  'അല്ലാഹു'. ഇതൊരു വ്യക്തി നാമമാണ്. 'ഇലാഹ്' എന്ന പദമാണ് അറബിയില്‍ 'ദൈവം' എന്ന പദവി നാമത്തിനു ഉപയോഗിക്കുന്നത്. 'ലാ ഇലാഹാ ഇല്ലള്ളാ' എന്ന് പറഞ്ഞാല്‍ 'അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ്(ദൈവം) ഇല്ല' എന്നാണു അര്‍ഥം. 'ഞാന്‍ ഇലാഹിന്‍റെ നാമത്തില്‍ ആണ് സംസാരിക്കുന്നത്' എന്ന് മുഹമ്മദ്‌ പറഞ്ഞിരുന്നെങ്കില്‍ ആ അവകാശവാദം ഒന്ന് പരിശോധിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, മുഹമ്മദ്‌ സംസാരിച്ചത് അറേബ്യന്‍ ഗോത്രദൈവത്തിന്‍റെ പേരിലാണ്. അല്ലാഹു എന്ന ഈ ജാതീയ അറബി ഗോത്രദൈവത്തിന്‍റെ പേര് ബൈബിളില്‍ ഒറ്റയൊരു പ്രാവശ്യം പോലും കാണുന്നില്ല എന്നത് ചിന്തനീയമാണ്.

  അല്ലാഹുവിന്‍റെ പേരിലുള്ള ഇന്നത്തെ ആഘോഷങ്ങളെല്ലാം ഇസ്ലാം രൂപം കൊള്ളുന്നതിനും മുന്‍പേ നിലനിന്നിരുന്ന ജാതീയ ആഘോഷങ്ങളായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ കഅബയിലേക്കുള്ള തീര്‍ത്ഥാടനം, റംസാന്‍ മാസത്തിലെ ഉപവാസം, കഅബയെ ഏഴു തവണ വലം വെക്കല്‍, ഹജ്റുള്‍ അസുവദ്, എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നത്, തല മുണ്ഡനം ചെയ്യുന്നത്, മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്, സഫ-മര്‍വ മലകള്‍ക്കിടയില്‍ ഓടുന്നത്, ആത്മരൂപിയായ പിശാചിനെ കല്ലെറിയുന്നത്‌ (ശരീരമില്ലാത്ത പിശാചിനെ കല്ലെറിയുന്നത് ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്നു), വെള്ളം മൂക്കില്‍ വലിക്കുന്നതും പുറത്തു വിടുന്നതും, നിസ്കാരം, സക്കാത്ത്, വെള്ളിയാഴ്ച പ്രാര്‍ത്ഥന തുടങ്ങിയ എല്ലാ കാര്യങ്ങളും മുഹമ്മദ്‌ ജനിക്കുന്നതിനു മുന്‍പേ നിലനിന്നിരുന്നതാണ്. ഈ ചരിത്ര വസ്തുതയെ നിഷേധിക്കാന്‍ ഇന്ന് വരെ ഒരു മുസ്ലിം പണ്ഡിതനും തുനിഞ്ഞിട്ടില്ല!!

  'യഹോവയായ ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്'  എന്ന ഒന്നാം കല്പന തന്നെ മുഹമ്മദ്‌ ലംഘിച്ചതായി നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് മനസ്സിലാകും. മുഹമ്മദിന്‍റെ ദൈവം ഒരിക്കലും സത്യദൈവമായ യഹോവയായിരുന്നില്ല, മറിച്ചു അറേബ്യന്‍ മരുഭൂമിയിലെ  മക്കാ പ്രദേശത്തുള്ള കഅബ ദേവാലയത്തിനകത്ത് സ്ഥിതി ചെയ്തിരുന്ന 360 ദേവന്മാരിലൊരാളും മുഹമ്മദ്‌ ജനിച്ച ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവവുമായിരുന്ന അള്ളാഹു എന്ന അറബി ദേവനായിരുന്നു. യഹോവ എന്ന നാമം ഒരിടത്ത് പോലും ഖുറാനില്‍ കാണപ്പെടുന്നില്ല. മുഹമ്മദ്‌ ആ നാമം കേട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. (അള്ളാഹു എന്നത് എബ്രായ  ഭാഷയില്‍ ദൈവം എന്നതിനുപയോഗിക്കുന്ന എലോഹിം  എന്ന പദത്തിന്‍റെ അറബി രൂപമാണ് എന്ന് ചിലര്‍ പറയാറുണ്ട്.  കാശിനു വിലയില്ലാത്ത അഭിപ്രായമാണിത്. അവര്‍ പറയുന്നത് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ഈ അഭിപ്രായത്തില്‍ കഴമ്പില്ലെന്ന് കാണാം. കാരണം പഴയ നിയമത്തില്‍ ദൈവം എന്ന പദവി നാമത്തില്‍ മാത്രമല്ലാതെ യഹോവ എന്ന വ്യക്തി നാമത്തിലും സര്‍വ്വ ശക്തനായ സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഖുറാനിലെ അള്ളാഹു ഒരിടത്ത് പോലും തന്നെ യഹോവ എന്ന് പരിചയപ്പെടുത്തുന്നില്ല. മുഹമ്മദും യഹോവ എന്ന സത്യദൈവത്തിന്‍റെ നാമം ഉപയോഗിച്ചതായി ഖുറാനിലോ  ഹദിസുകളിലോ ഇല്ല.) സത്യദൈവത്തിന്‍റെ പ്രവാചകന്‍ എന്ന് അവകാശപ്പെട്ടു വന്നയാള്‍ക്ക് ആ സത്യദൈവത്തിന്‍റെ പേരറിയില്ലെങ്കില്‍, അത് ആരാല്‍ അയക്കപ്പെട്ട പ്രവാചകന്‍ എന്ന് നമുക്ക് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ (ആവ. 13:1-16; 18:20-22; 1. യോഹ. 4:1-3).

   പഴയ നിയമകാലത്ത് വന്നിട്ടുള്ള പ്രവാചകന്‍മാരെല്ലാവരും യഹോവയുടെ നാമത്തിലാണ് സംസാരിച്ചിട്ടുള്ളത്.യഹോവയുടെ നാമത്തില്‍ സംസാരിക്കാത്ത പ്രവാചകനെ  കള്ളപ്രവാചകനെന്നു  മുദ്രകുത്തി  കല്ലെറിഞ്ഞു  കൊല്ലണം  എന്നുള്ളത്  ന്യായപ്രമാണത്തിലെ  കല്പനകളിലൊന്നാണ്.

  പുതിയനിയമത്തില്‍ ഉള്ള അവസാനത്തെ ന്യായപ്രമാണകാല പ്രവാചകനായ യോഹന്നാന്‍ സ്നാപകന്‍ വന്നത്
 'യഹോവക്ക് വഴി ഒരുക്കുവാന്‍' ആണ് (യെശയ്യ. 40:3,4 ഒ.നോ മാര്‍ക്കോ.1:2-4) യോഹന്നാന്‍ വന്നു വഴി ഒരുക്കിയത് യേശു ക്രിസ്തുവിനാണ്. കാരണം, യേശു ക്രിസ്തു പഴയ നിയമത്തില്‍ വെളിപ്പെട്ട യഹോവയായ ദൈവമാണ്. ഏതൊരു കാലത്തിലും മനുഷ്യരുടെ മുന്‍പാകെ വെളിപ്പെട്ടിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. 'ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. തന്‍റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു' (യോഹ.1:18) എന്ന വാക്യം അതിനു തെളിവാണ്. പഴയ നിയമത്തിലായാലും   പുതിയ നിയമത്തിലായാലും 'ആരും ഒരു നാളും കണ്ടിട്ടില്ലാത്ത ദൈവത്തെ' മനുഷ്യവര്‍ഗ്ഗത്തിന് വെളിപ്പെടുത്തിയിട്ടുള്ളത് തന്‍റെ ഏകജാതനായ പുത്രനായ യേശു ക്രിസ്തു മാത്രമാണ്.  യേശുക്രിസ്തു എന്ന നാമത്തിന്‍റെ അര്‍ത്ഥവും പഠിക്കേണ്ടതുണ്ട്. രണ്ടു  എബ്രായ പദങ്ങളും ഒരു ഗ്രീക്ക് പദവും ചേര്‍ന്നതാണാ നാമം. 'യഹോവ', 'ശൂവാ' എന്നീ എബ്രായ പദങ്ങള്‍ ചേര്‍ന്നുണ്ടായ 'യെഹോശൂവ' എന്ന പേരിന്‍റെ ചുരുക്ക രൂപമാണ് 'യോശുവ' എന്നത്. യോശുവ വീണ്ടും ചുരുങ്ങിയതാണ് 'യേശു'. 'ശൂവ' എന്ന എബ്രായ പദത്തിന് 'രക്ഷ' എന്നര്‍ത്ഥം. ('മേല്ക്കി-ശുവാ' എന്ന  പദത്തിന്‍റെ അര്‍ത്ഥം 'രാജാവ് രക്ഷകന്‍' എന്നാണു.) 'യെഹോശൂവ' എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം 'യഹോവ രക്ഷകന്‍' എന്നാണു. 'ക്രിസ്തോസ്' എന്ന ഗ്രീക്ക് പദത്തിന്‍റെ മലയാള രൂപമാണ് 'ക്രിസ്തു' എന്നത്. ഈ പദത്തിന് 'അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണു അര്‍ത്ഥം. 'യെഹോശുവാ ക്രിസ്തു' അഥവാ 'യേശുക്രിസ്തു' എന്നതിന് 'രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ട യഹോവ' എന്നര്‍ത്ഥം! അതുകൊണ്ടാണ് കര്‍ത്താവിന്‍റെ ദൂതന്‍ മറിയയുടെ ഭര്‍ത്താവായ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കേണം' (മത്താ.1:22) എന്ന് കല്പിച്ചതു.

  ഈ സത്യം മനസ്സിലായത്‌ കൊണ്ടാണ് പൗലോസും പത്രോസും യാക്കോബും യോഹന്നാനുമടക്കമുള്ളവര്‍ യേശുവിന്‍റെ നാമത്തില്‍ സംസാരിച്ചത്. തന്‍റെ നാമത്തില്‍ സംസാരിക്കാന്‍ യേശു ക്രിസ്തു ആവശ്യപ്പെട്ടതിന്‍റെ (യോഹ.14:13,14) പുറകിലെ കാരണവും ഇത് തന്നെ! മുഹമ്മദ്‌ സംസാരിച്ചത് യഹോവയുടെ നാമത്തിലോ യേശു ക്രിസ്തുവിന്‍റെ നാമത്തിലോ അല്ലാതെ, അന്യദൈവത്തിന്‍റെ നാമത്തിലാകയാല്‍, പ്രവാചകന്‍ എന്ന നിലയിലല്ല, കല്ലെറിഞ്ഞു കൊല്ലപ്പെടുവാന്‍ മാത്രം യോഗ്യതയുള്ള കള്ളപ്രവാചകന്‍ എന്ന നിലയിലേ ക്രിസ്ത്യാനികളായ ഞങ്ങള്‍ക്ക് അദ്ദേഹത്തെ പരിഗണിക്കുവാന്‍ നിര്‍വ്വാഹമുള്ളൂ... (തുടരും...)